This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യാംബെല്‍, സര്‍ കോളിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യാംബെല്‍, സര്‍ കോളിന്‍

Campbell, Sir Colin (1792 - 1863)

ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ്രസമരകാലത്ത് (1857-58) ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന ബ്രിട്ടീഷ് സൈനിക വിദഗ്ധന്‍. സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ 1792 ആഗ. 20-ന് ജനിച്ചു. 1808-ല്‍ സൈന്യത്തില്‍ ചേര്‍ന്ന ഇദ്ദേഹം പെനിന്‍സുലാര്‍ യുദ്ധ(1810-13)ത്തില്‍ തന്റെ വൈദഗ്ധ്യം തെളിയിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് 1813-ല്‍ ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചു. ചൈനയില്‍ (1842-46) സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് (1844) ക്യാംബെലിന് ബ്രിഗേഡിയര്‍ ജനറല്‍ സ്ഥാനം ലഭിച്ചത്. 1846-ല്‍ ഇദ്ദേഹം ആദ്യമായി ഇന്ത്യയിലെത്തി. തുടര്‍ന്ന് രണ്ടാം സിക്കു(1848-49)യുദ്ധത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു. 1848 മുതല്‍ 52 വരെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സൈനികച്ചുമതല ഇദ്ദേഹത്തിനായിരുന്നു. 1849-ല്‍ ബ്രിട്ടീഷ് ഭരണകൂടം പ്രഭുസ്ഥാനം നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1854-ല്‍ മേജര്‍ ജനറലായിത്തീര്‍ന്ന ഇദ്ദേഹം ക്രിമിയന്‍ (1853-56) യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 1857 ജൂലായില്‍ ക്യാംബെല്‍ ഇന്ത്യന്‍ കമാന്‍ഡര്‍-ഇന്‍-ചീഫായി നിയമിതനായി. 1858-ല്‍ ഇദ്ദേഹത്തിന്റെ കീഴിലുള്ള സൈന്യം ലഖ്നൗ തിരിച്ചു പിടിക്കുകയും ഔധ് അധീനമാക്കുകയും ചെയ്തു. ഉത്തരേന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുവാന്‍ ഇത് സഹായകമേകി. ഒരു സൈനിക വിദഗ്ധന്‍ എന്ന നിലയില്‍ വിഖ്യാതനായിത്തീര്‍ന്ന ക്യാംബെലിന് 1858-ല്‍, ക്ളൈഡ് പ്രഭുസ്ഥാനവും ലഭിച്ചു. അനാരോഗ്യംമൂലം 1860-ല്‍ ഇദ്ദേഹം ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്കു തിരിച്ചുപോയി. 1862-ല്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലെത്തപ്പെട്ടു. ഇംഗ്ലണ്ടിലെ ചതമില്‍ (Chatam) 1863 ആഗ. 14-ന് ക്യാംബെല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍